അവസാനിക്കാത്ത നിഗൂഢമൗനം അഗത ക്രിസ്റ്റി

 ബിഎസ്


ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ പുസ്തകങ്ങളുടെ രചയിതാവ് എന്ന ഗിന്നസ് റെക്കാര്‍ഡിനുടമയായിരുന്നു അഗതാ ക്രിസ്റ്റി. ക്യൂന്‍ ഓഫ് ക്രൈം എന്നായിരുന്നു സാഹിത്യമേഖലയില്‍ അവര്‍ അറിയപ്പെട്ടിരുന്നത്. ദ മിസ്റ്റീരിയസ് അഫയര്‍ എന്ന അവരുടെ ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചിട്ട് നൂറു വര്‍ഷം പിന്നിടുന്നു. എഴുത്തുകാരിയുടെ അപ്പോഴത്തെ പ്രായം 30 വയസ്. നിഗൂഢത നിറഞ്ഞ കുറ്റാന്വേഷണ കഥകള്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വായനക്കാരുടെ ഹരമായിരുന്നു. നിരവധി എഴുത്തുകാര്‍ ഈ മേഖലയില്‍ വിലസി നടന്നെങ്കിലും ഒരു വനിത, അവരെയെല്ലാം നിഷ്പ്രഭരാക്കി. എഴുത്തുകാരിയാകാന്‍ ആഗ്രഹിക്കാതിരുന്ന അഗത സഹോദരിയുടെ വെല്ലുവിളി സ്വീകരിച്ച് കുറിച്ചതായിരുന്നു ദ മിസ്റ്റീരിയസ് അഫയര്‍. അമേരിക്കയിലും ഇംഗ്ലണ്ടിലും നോവല്‍ ഹിറ്റായതോടെ അവര്‍ക്ക് എഴുതാതിരിക്കാന്‍ കഴിയാതായി. പ്രശസ്തിയുടെ ഉച്ചകോടിയില്‍ നില്‍ക്കുമ്പോഴാണ് നിഗൂഢത ശേഷിപ്പിച്ചുകൊണ്ട് അവര്‍ അപ്രത്യക്ഷയായത്.




ഭര്‍ത്താവ് കേണല്‍ ആര്‍ച്ചിബാള്‍ഡ് ക്രിസ്റ്റിയോടും മകളോടുമൊപ്പം ഇംഗ്ലണ്ടില്‍ താമസിക്കുകയായിരുന്ന അഗതാ ക്രിസ്റ്റി 1926 ഡിസംബര്‍ നാലിന് വൈകുന്നേരം മകള്‍ക്ക് ഒരു ചുംബനം സമ്മാനിച്ച് തന്റെ പ്രിയ മോറിസ് കാറില്‍ കയറി യാത്രയായി. അവര്‍ക്കപ്പോള്‍ 36 വയസായിരുന്നു പ്രായം. ഒരു ചെറിയ ബാഗ് മാത്രമേ അവര്‍ കയ്യില്‍ കരുതിയിരുന്നുള്ളൂ. ആര്‍ക്കും അവരെ കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല. പ്രശസ്തിയുടെ ഉച്ചകോടിയില്‍ നില്‍ക്കുകയായിരുന്ന കഥാകാരി-അതും കുറ്റാന്വേഷണ എഴുത്തുകാരി അപ്രത്യക്ഷയായത് നാടെങ്ങും പാട്ടായി. ഉദ്വേഗജനകമായ മറ്റൊരു കുറ്റാന്വേഷണ കഥപോലെയായി പിന്നെ സംഭവങ്ങള്‍. വന്‍ സന്നാഹങ്ങളോടെ പോലീസ് രാജ്യമെങ്ങും അരിച്ചുപെറുക്കി. നാനൂറോളം കാറുകള്‍, ഹെലികോപ്റ്റര്‍, വിവിധഇനങ്ങളിലുള്ള അമ്പതോളം പോലീസ് നായ്ക്കളും തിരച്ചിലില്‍ പങ്കെടുത്തു. അനൗദ്യോഗിക തിരച്ചിലിന് സ്വകാര്യ കുറ്റാന്വേഷകരും. ആദ്യ ദിവസം തന്നെ അഗതയുടെ കാര്‍ ഒരു കുറ്റിക്കാടിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.

പത്രങ്ങളില്‍ എല്ലാ ദിവസവും തിരച്ചില്‍ സംബന്ധിച്ച വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്നു; അഭ്യൂഹങ്ങളും. ചില തിരച്ചിലുകാര്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നിന്ന് സ്ത്രീകളുടെ ബാഗ്, മയക്കുമരുന്ന്, വസ്ത്രങ്ങള്‍, മേക്കപ്പ് സാധനങ്ങള്‍ എന്നിവ ദിവസേനയെന്നോണം കണ്ടെടുക്കാന്‍ തുടങ്ങി. അഗതയുടെ നോവലുകളുമായി ബന്ധപ്പെടുത്തി പലരും കഥകള്‍ മെനഞ്ഞു. കഥകളിലെ വില്ലന്മാര്‍ യഥാര്‍ത്ഥജീവിതങ്ങളിലേക്കു വന്ന് കഥാകാരിയെ തട്ടിക്കൊണ്ടു പോയതായും ഉപദ്രവിച്ചതായും കൊലപ്പെടുത്തിയതായുമൊക്കെ വാര്‍ത്തകള്‍ പരന്നു. ജലാശയങ്ങളായ ജലാശയങ്ങളൊക്കെ മുങ്ങിത്തപ്പി പോലീസ് മടുത്തു. 

അപ്പോള്‍ അഗതയുടെ ഒരെഴുത്തുമായി അവരുടെ ഭര്‍ത്താവിന്റെ സഹോദരന്‍ പ്രത്യക്ഷപ്പെട്ടു. താന്‍ ചികിത്സക്കായി പോകുകയാണെന്നായിരുന്നു എഴുത്തിലുണ്ടായിരുന്നത്. പോലീസ് അതോടെ അന്വേഷണം അവസാനിപ്പിച്ചതായി അറിയിച്ചു. എന്നാല്‍ അന്വേഷണം രഹസ്യമായി തുടരുകയും ചെയ്തു. അഗത ആത്മഹത്യ ചെയ്തു എന്ന് വീണ്ടുമൊരു കരക്കമ്പി പരന്നു. സൈലന്റ് പൂള്‍ എന്നു പ്രശസ്തമായ വലിയൊരു തടാകത്തിലാണ് അവര്‍ ജീവനൊടുക്കിയതെന്നു പോലും വാര്‍ത്ത വന്നു. സൈലന്റ് പൂള്‍ അടിത്തട്ടില്ലാത്ത വലിയൊരു ഗര്‍ത്തമാണെന്നായിരുന്നു പ്രാദേശികവാസികള്‍ പറഞ്ഞിരുന്നത്. പോലീസിലെ നീന്തല്‍ക്കാര്‍ സൈലന്റ് പൂളിലും മുങ്ങാംകുഴിയിട്ടു. 

പബ്ലിസിറ്റി സ്റ്റണ്ടിനായി അഗത ഒളിച്ചുതാമസിക്കുകയാണെന്നും പലരും പറഞ്ഞു. പക്ഷേ പ്രശസ്തിയുടെ ഉച്ചകോടിയില്‍ നില്‍ക്കുന്നൊരാള്‍ എന്തിനാണ് ഇത്തരത്തിലൊരു നാടകം നടത്തണമെന്ന മറുചോദ്യത്തിന് ഉത്തരമുണ്ടായില്ല. എന്തെങ്കിലും ക്ലൂ കിട്ടാനായി പോലീസ് അഗത എഴുതിക്കൊണ്ടിരുന്ന കടലാസുകളെല്ലാം അക്ഷരം വിടാതെ പരിശോധിച്ചു. ദ ബ്ലൂ ട്രെയിന്‍ എന്നൊരു നോവലായിരുന്നു അഗത അപ്പോള്‍ എഴുതിക്കൊണ്ടിരുന്നത്. ഉടനെ അന്വേഷണം റെയില്‍വേ സ്‌റ്റേഷനുകളിലേക്കും ട്രാക്കുകളിലേക്കും ഉപേക്ഷിക്കപ്പെട്ട ട്രെയിന്‍ ബോഗികളിലേക്കും നീണ്ടു. വീണ്ടും വാര്‍ത്തവരുന്നു-അഗത പുരുഷനെ പോലെ വേഷം മാറി ലണ്ടനിലുണ്ട്-ലണ്ടനില്‍ പലര്‍ക്കും തെരുവില്‍ വച്ച് വിഗ്ഗുകള്‍ നഷ്ടപ്പെട്ടത് അതോടെയാണ്. കഷണ്ടിക്കാരായ പുരുഷന്മാര്‍ ഒരാഴ്ചക്കുള്ളില്‍ വിഷാദരോഗികളായതായും വാര്‍ത്തകളുണ്ടായി.

ഡിസംബര്‍ 15ന്-കാണാതായി 9 ദിവസത്തിനു ശേഷം യോര്‍ക്ക്ഷയറിലെ ഒരു ഉഴിച്ചില്‍ കേന്ദ്രത്തില്‍ അഗതാ ക്രിസ്റ്റിയെ കണ്ടെത്തി. ശ്രീമതി ട്രീസാ നീലെ എന്ന വ്യാജപേരിലാണ് അവര്‍ അവിടെ താമസിച്ചിരുന്നത്. അഗതയുടെ ഭര്‍ത്താവ് കേണല്‍ ക്രിസ്റ്റി, മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു-അവള്‍ക്കൊന്നും ഓര്‍മയില്ല. കണ്ടെത്തുമ്പോള്‍ താനാരാണെന്നു പോലും അവള്‍ക്കറിയില്ലായിരുന്നു. അവളുടെ എല്ലാ ഓര്‍മകളും മാഞ്ഞുപോയിരിക്കുകയാണ്.

മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചു, ആരാണ് ശ്രീമതി ട്രീസാ നീലെ? അങ്ങനെയൊരാളെ തനിക്കറിയില്ലെന്നായിരുന്നു കേണലിന്റെ മറുപടി.

പോലീസിന്റെയോ നാട്ടുകാരുടെയോ മാധ്യമ പ്രവര്‍ത്തകരുടേയോ ചോദ്യങ്ങള്‍ക്ക് അഗത ഒരു മറുപടിയും പറഞ്ഞില്ല. കേസന്വേഷിച്ചിരുന്ന പോലീസ് മേധാവിയോട് അഗത രഹസ്യമായി കാര്യങ്ങള്‍ പറഞ്ഞെന്നും മേധാവി രഹസ്യമായി തന്നെ അതു സൂക്ഷിക്കുന്നുവെന്നും മാധ്യമങ്ങള്‍ കുറ്റപ്പെടുത്തി. 

ലണ്ടനില്‍ നിന്ന് ദമ്പതികളെ ട്രെയിനില്‍ യാത്രയയക്കാന്‍ നൂറുകണക്കിനു പേര്‍ സ്റ്റേഷനില്‍ തിങ്ങിക്കൂടിയിരുന്നു. അഗതയെ തിരയുകയായിരുന്ന നിരവധി ഷെര്‍ലക്‌ഹോസുകള്‍ക്ക് ഇന്നത്തോടെ തൊഴില്‍ നഷ്ടപ്പെട്ടതായി ടൈംസ് പത്രം കളിയാക്കി.

തിരിച്ചെത്തി 15 മാസത്തിനു ശേഷം അഗത വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്തു. വിവാഹമോചനം നേടി രണ്ടു വര്‍ഷത്തിനു ശേഷം അഗത പുനര്‍വിവാഹം ചെയ്തു. മുന്‍ ഭര്‍ത്താവ് കേണല്‍ ക്രിസ്റ്റിയും രണ്ടാം വിവാഹത്തിന് ഒട്ടും താമസിച്ചില്ല. ട്രീസാ നീലെ എന്നായിരുന്നു കേണല്‍ ക്രിസ്റ്റി വിവാഹം ചെയ്ത വനിതയുടെ പേര്-അഗത, ഉഴച്ചില്‍ കേന്ദ്രത്തില്‍ നല്‍കിയിരുന്ന അതേ വ്യാജപേരു തന്നെ.

നിഗൂഢമായ ആ കാണാതാവല്‍ കഴിഞ്ഞിട്ട് ദശാബ്ദങ്ങള്‍ പിന്നിട്ടിട്ടും ചരിത്രകാരന്മാരും ജിവിതക്കുറിപ്പെഴുതുന്നവരും ഇന്നും അതേക്കുറിച്ച് വേവലാതി പെടുന്നു. അഗത യഥാര്‍ത്ഥത്തില്‍ എവിടെയായിരുന്നു ആ ദിവസങ്ങളില്‍? എന്തിനായിരുന്നു അവരുടെ അജ്ഞാതവാസം?

എഴുത്തുകാര്‍ അതേക്കുറിച്ച് നോവലുകള്‍ എഴുതാന്‍ തുടങ്ങി. ആ കഥകള്‍ അവലംബിച്ച് ഹോളിവുഡില്‍ സിനിമകളൊരുങ്ങി. അഗത, ദ ഗോണ്‍ ഗേള്‍, അഗത ആന്‍ഡ് ദ ട്രൂത്ത് ഓഫ് മര്‍ഡര്‍, എ ടാലന്റ് ഓഫ് മര്‍ഡര്‍ എന്നിവ അവയില്‍ ചിലതാണ്. മലയാളത്തില്‍ ശ്രീപാര്‍വതി എഴുതിയ, നായിക അഗതാക്രിസ്റ്റി എന്ന പുസ്തകവും നിഗൂഢത നിറഞ്ഞ കഥാകാരിയെ കുറിച്ചു പറയാന്‍ ശ്രമിക്കുന്നു.

ഒരിക്കല്‍ മാത്രമേ അഗത ഇതേക്കുറിച്ച് മനസു തുറന്നിട്ടുള്ളൂ. ഒരു അഭിമുഖത്തില്‍ അവരിങ്ങനെ പറഞ്ഞു, 'ഡിസംബര്‍ 3 ന് ഡോര്‍ക്കിംഗിലെ ഒരു ബന്ധുവിനെ സന്ദര്‍ശിച്ച് മടങ്ങുന്ന വഴിയില്‍ ഒരു ക്വാറി കണ്ടു. അതിലേക്ക് ഓടിച്ചു ചാടാനുള്ള ചിന്ത എന്റെ മനസ്സില്‍ വന്നു. എന്നിരുന്നാലും, എന്റെ മകള്‍ എന്നോടൊപ്പം കാറില്‍ ഉണ്ടായിരുന്നതിനാല്‍, ഞാന്‍ ഈ ആശയം നിരസിച്ചു. ആ രാത്രിയില്‍ എനിക്ക് വല്ലാണ്ട് തോന്നി. ഇനിയിങ്ങനെ ജീവിതം മുന്നോട്ടു പോകില്ലെന്ന് എനിക്ക് തോന്നി. എന്തെങ്കിലും ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ ഞാന്‍ അന്ന് രാത്രി വീട് വിട്ടിറങ്ങി. ക്വാറിയുടെ സമീപത്താണെന്ന് ഞാന്‍ കരുതിയ റോഡില്‍ ഒരു സ്ഥലത്ത് എത്തിയപ്പോള്‍, കുന്നിന് താഴെയുള്ള റോഡില്‍ നിന്ന് കാര്‍ അങ്ങോട്ട് തിരിച്ചു. ഞാന്‍ സ്റ്റിയറിംഗ് ഉപേക്ഷിച്ചു. കാര്‍ എന്തിലോ തട്ടി പെട്ടെന്ന് ഉയര്‍ന്നു. ഞാന്‍ സ്റ്റിയറിംഗ് വീലിനു മുകളിലൂടെ പറന്നു, എന്റെ തലയില്‍ എന്തോ തട്ടി. ആ നിമിഷം വരെ ഞാന്‍ മിസ്സിസ് ക്രിസ്റ്റി ആയിരുന്നു'.

ആ അഭിമുഖത്തിലും തനിക്കെന്തു സംഭവിച്ചുവെന്ന കൃത്യത ഉണ്ടായിരുന്നില്ല. അഗതാക്രിസ്റ്റി-ഏന്‍ ഓട്ടോബയോഗ്രഫിയിലും ഇതേക്കുറിച്ചവര്‍ മൗനം അവലംബിച്ചു. ആ നിഗൂഢത ഇപ്പോഴും തുടരുകയാണ്.




Comments

Popular posts from this blog

മീശ എന്നെ ഓര്‍മിപ്പിക്കുന്നത്

ചന്തം പേറുന്ന ചീനവലക്കാഴ്ചകള്‍