ഓണമില്ലാത്ത കുത്താമ്പിള്ളി



കൊച്ചി രാജാക്കന്മാരെ പുടവ അണിയിക്കാനായി അഞ്ചു നൂറ്റാണ്ടു മുമ്പാണ് മൈസൂരില്‍ നിന്ന് ദേവാംഗ സമുദായത്തില്‍ പെട്ട ഈ നെയ്ത്തുകാരെ കേരളക്കരയില്‍ കുടിയിരുത്തിയതെന്ന് ഐതിഹ്യം. വീടുകളിലും ഗ്രാമത്തിലും ഇവര്‍ ഉപയോഗിക്കുന്ന കന്നട ഭാഷ അവരുടെ വേരുകളുടെ തെളിവാണ്. തര്‍ക്കങ്ങളില്‍ ഇപ്പോഴും അവസാനവാക്ക് നാട്ടുകൂട്ടത്തിന്റേതാണ്. 



ബിജോ സില്‍വേരി


ചെറിയ ഇടവഴികള്‍, ഓടുമേഞ്ഞ പഴയ വീടുകള്‍, അരിപ്പൊടി കോലമിട്ട ഈ വീടുകളുടെ മുറ്റങ്ങള്‍ പിന്നിടുമ്പോള്‍ തറിയുടെ താളം കേള്‍ക്കാം. ആധുനികത ഇപ്പോഴും കടന്നുവരാന്‍ മടിച്ചു നില്‍ക്കുന്ന ഈ ഗ്രാമത്തിന്റെ ഓരത്തിലൂടെ ഭാരതപ്പുഴ ഒഴുകുന്നു. കുത്താമ്പുള്ളിക്കാര്‍ ഈ കൈവഴിയെ ഗായത്രിപ്പുഴയെന്നാണ് വിളിക്കാറ്. പാലക്കാടിന്റേയും തൃശൂരിന്റേയും അതിര്‍ത്തിക്കുള്ളില്‍ പച്ച വിരിച്ച നെല്‍പ്പാടങ്ങളുടേയും കൊച്ചരുവികളുടേയും മലനിരകളുടേയും സാന്നിധ്യത്തില്‍ കുത്താമ്പുള്ളിയുടെ ഗ്രാമീണ സൗന്ദര്യം തുടിച്ചു നില്‍ക്കുന്നു. 

കുത്താമ്പുള്ളി കൈത്തറിക്ക് ബാലരാമപുരത്തിന്റേയോ ചേന്ദമംഗലത്തിന്റേയോ പ്രശസ്തി ഇപ്പോഴുമില്ല. ആരാണിവരില്‍ കേമനെന്ന് അണിയുന്നവര്‍ തീരുമാനിക്കട്ടെ. പക്ഷേ കുത്താമ്പുള്ളിയെന്ന പേര് നൂറ്റണ്ടാണ്ടുകള്‍ക്കു മുമ്പേ വസ്ത്രപ്രേമികളുടെ മനസിലുണ്ട്.

കൊച്ചി രാജാക്കന്മാരെ പുടവ അണിയിക്കാനായി അഞ്ചു നൂറ്റാണ്ടു മുമ്പാണ് മൈസൂരില്‍ നിന്ന് ദേവാംഗ സമുദായത്തില്‍ പെട്ട ഈ നെയ്ത്തുകാരെ കേരളക്കരയില്‍ കുടിയിരുത്തിയതെന്ന് ഐതിഹ്യം. വീടുകളിലും ഗ്രാമത്തിലും ഇവര്‍ ഉപയോഗിക്കുന്ന കന്നട ഭാഷ അവരുടെ വേരുകളുടെ തെളിവാണ്. തര്‍ക്കങ്ങളില്‍ ഇപ്പോഴും അവസാനവാക്ക് നാട്ടുകൂട്ടത്തിന്റേതാണ്. രാജാക്കന്‍മാരുടെ കാലം കഴിഞ്ഞെങ്കിലും കുത്താമ്പുള്ളിയുടെ പ്രതാപത്തിന് കാര്യമായ കോട്ടമെന്നും ഏറെക്കാലം സംഭവിച്ചിരുന്നില്ല. തിരുവില്വാമലക്കടുത്തുള്ള ഈ ഗ്രാമത്തിലെ ഓരോ വീട്ടിലെ അംഗങ്ങളും നെയ്ത്തുകാരായിരുന്നു. കാളവണ്ടികള്‍ മാത്രം സഞ്ചരിച്ചിരിച്ചിരുന്ന ഇടുങ്ങിയ വഴിയോരങ്ങളില്‍ നിന്നും രാപ്പകലില്ലാതെ തറികളുടെ ശബ്ദം ഉയര്‍ന്നു. കുഞ്ഞുകുട്ടികളും വൃദ്ധരുമടക്കമുള്ളവര്‍ നെയ്ത്തിന്റെ ലോകത്തു മാത്രം കുടിപാര്‍ത്തു.

ഇത്തവണ ഓണത്തിന് കുത്താമ്പുള്ളിയില്‍ നടക്കുന്നത് കോടികളുടെ കച്ചവടം. ഓണത്തപ്പന്‍ എത്തുന്നതിന് മാസങ്ങള്‍ക്കു മുമ്പേ സ്റ്റോക്ക് മുഴുവന്‍ തീര്‍ന്നു. വര്‍ഷങ്ങളായി കുത്താമ്പുള്ളിക്കാര്‍ക്ക് അതില്‍ പുതുമയില്ല. മലയാളക്കരയില്‍ പലയിടത്തും കൈത്തറി നെയ്ത്ത് സംഘങ്ങള്‍ ചക്രശ്വാസം വലിക്കുമ്പോള്‍ ഓണമാഘോഷിക്കാത്ത കുത്താമ്പുള്ളിക്കാര്‍ ഓണക്കാലത്ത് ചാകര കൊയ്യുന്നു. വിഷുവും പെരുന്നാളുകളും തിരുന്നാളുകളും കുത്താമ്പുള്ളിക്കാര്‍ക്ക് ഉത്സവമില്ലാത്ത ആഹ്ളാദദിനങ്ങളാണ്.

ഒരു വ്യാഴവട്ടം മുമ്പ് വര്‍ഷം മുമ്പ് കുത്താമ്പുള്ളിയിലെ സ്ഥിതിഗതികള്‍ മറ്റൊന്നായിരുന്നു. ആഗോളവല്‍കരണത്തിന്റെ കടുത്ത വെല്ലുവിളി കൈത്തറി മേഖലയെ തകര്‍ത്തെറിഞ്ഞ കാലം. യന്ത്രത്തറിയുടെ മുരള്‍ച്ചക്കു മുന്നില്‍ കുത്താമ്പുള്ളിയുടെ ഗ്രാമീണത പകച്ചു നിന്നു. അന്യസംസ്ഥാനത്തു നിന്നെത്തിയിരുന്ന നൂലിന്റെ വിലയിലുണ്ടായ വര്‍ധനവ് മറികടക്കാനുള്ള വഴിയും മുന്നിലുണ്ടായിരുന്നില്ല. കുത്താമ്പുള്ളിയുടെ പ്രതാപം കരിന്തിരി കത്തുകയായിരുന്നു. കേരളത്തിലങ്ങോളമിങ്ങോളവും തമിഴ്നാട്ടിലേയും കൈത്തറി ശാലകള്‍ക്കു മീതെ കനത്ത പൂട്ടുവീണു. തൊഴിലാളികളും മുതലാളിമാരും പിച്ചപ്പാളയെടുക്കുകയോ ജീവിക്കാനായി മറ്റു തൊഴില്‍ മേഖല കണ്ടെത്തുകയോ ചെയ്തു. കുത്താമ്പുള്ളിക്കാരുടെ രക്ഷക്കായി രൂപീകരിച്ച സൊസൈറ്റി പോലും അടച്ചു പൂട്ടല്‍ ഭീഷണിയിലായി. പക്ഷേ കുത്താമ്പുള്ളിക്കാര്‍ക്ക് കൂടുവിട്ട് കൂടുമാറുന്ന വിദ്യവശമുണ്ടായിരുന്നില്ല. ജീവിക്കുക അല്ലെങ്കില്‍ മരിക്കുക എന്നതു മാത്രമായിരുന്നു അവര്‍ക്കു മുന്നിലുണ്ടായിരുന്ന പോംവഴി. കടുത്ത പട്ടിണിയിലും അവരുടെ തറികള്‍ പുടവകള്‍ നെയ്തു. തലച്ചുമടായി കേരളത്തിലങ്ങോളമിങ്ങോളം കൊണ്ടു നടന്നു വിറ്റു. പൂരക്കാലത്ത് തേക്കിന്‍കാട്ടിലെ വമ്പന്‍ സ്റ്റാളുകള്‍ക്കു സമീപത്ത് തെരുവുകച്ചവടക്കാരെ പോലെ കുത്താമ്പുള്ളിക്കാര്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളുമായി മഴയും വെയിലുമേറ്റ് തപസിരുന്നു. തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നും കുത്താമ്പുള്ളി കൈത്തറിയുടെ മേന്മ കൊതിച്ച് തിരുവില്വാമലയിലെത്തിയവരെ അവര്‍ ഒരിക്കലും നിരാശപ്പെടുത്തിയില്ല.

ഇന്ന് കുത്താമ്പുള്ളിയില്‍ എത്തുന്നവര്‍ക്ക് സമൃദ്ധിയുടെ കാഴ്ച കാണാന്‍ കഴിയുന്നുെണ്ടങ്കില്‍ അതവരുടെ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതിഫലമാണ്. കുത്താമ്പുള്ളി ഹാന്റ്ലൂം ഇന്‍ഡസ്ട്രിയല്‍ കോഓപറേറ്റീവ് സൊസൈറ്റിയിലെ അംഗങ്ങളുടെ കഠിനാധ്വാനമാണ് ഈ മേഖല ഇപ്പോഴും നിലനില്‍ക്കുന്നതിന് കാരണമെന്ന് പറയുന്നതില്‍ തെറ്റില്ല. 1972 ലാണ് സൊസൈറ്റി നിലവില്‍ വന്നത്. അന്ന് 102 അംഗങ്ങളാണുണ്ടായിരുന്നത്. ഇന്നത് ആയിരത്തോളം അംഗങ്ങളായി വളര്‍ന്നിരിക്കുന്നു. സൊസൈറ്റിക്ക് സ്വന്തമായ കെട്ടിടമുണ്ട്. ഈവര്‍ഷം ഓണക്കാലത്ത് സൊസൈറ്റിയിലൂടെ മാത്രം അഞ്ചു കോടി രൂപയുടെ കച്ചവടമാണ് പ്രതീക്ഷിക്കുന്നത്. സൊസൈറ്റിയില്‍ അംഗങ്ങളല്ലാത്ത നെയ്ത്തുകാരും കച്ചവടക്കാരും വേറെയുമുണ്ട്. കേരളത്തില്‍ ബംഗാള്‍, ഒറീസ കൈത്തറി സാരികള്‍ക്ക് പ്രചാരം വര്‍ധിച്ചു വരുമ്പോള്‍ ഉത്തരേന്ത്യയില്‍ കേരള കൈത്തറി സാരികള്‍ക്കും ആവശ്യക്കാരുണ്ട്. ഇതില്‍ പ്രധാനം കുത്താമ്പുള്ളി, ചേന്ദമംഗലം സാരികള്‍ തന്നെ.

ചെറുതല്ലാത്ത മാറ്റങ്ങള്‍ കുത്താമ്പുള്ളിയിലും ഉണ്ടായിട്ടുണ്ട്്. ചില അതിജീവനതന്ത്രങ്ങള്‍. തനി ഗ്രാമീണരായ ഈ നെയ്ത്തുകാരില്‍ നിന്ന് മാനേജ്മെന്റ് വിദഗ്ദരും വ്യവസായികളും അറിഞ്ഞിരിക്കേണ്ട പാഠങ്ങള്‍. സര്‍ക്കാരില്‍ നിന്ന് കാര്യമായ സഹായമൊന്നും കുത്താമ്പുള്ളിക്കാര്‍ക്ക് ലഭിക്കുന്നില്ല. ബാലരാമപുരം കൈത്തറിയുടെയോ ചേന്ദമംഗലത്തിന്റേയോ പ്രശസ്തിയെന്നും കുത്താമ്പുള്ളിക്കാര്‍ക്ക് ആരും കല്‍പ്പിച്ച് നല്‍കിയിട്ടുമില്ല. ഖാദിഗ്രാമവ്യവസായ ബോര്‍ഡ് വാങ്ങിയ തുണിത്തരങ്ങളുടെ ലക്ഷക്കണക്കിന് രൂപ ഇപ്പോഴും കുടിശിഖയുമുണ്ട്്.

നൂല്‍ തമിഴ്നാട്ടില്‍ നിന്ന് കൊണ്ട് വന്ന് നനച്ച് ഉണക്കി പാവാക്കി പശയില്‍ മുക്കിയായിരുന്നു നേരത്തെ തുണി നെയ്തിരുന്നത്. പക്ഷേ ഇപ്പോള്‍ സേലം വരെ പോയാല്‍ റെഡിമെയ്ഡ് പാവ് കിട്ടും. അത്യാവശ്യത്തിന് പവര്‍ലൂം ഉപയോഗിക്കുന്നു. കാലത്തിനനുസരിച്ച് വസ്ത്രങ്ങളില്‍ പുതിയ കോലങ്ങള്‍ വരയ്ക്കുന്നു. തൊഴിലാളി ക്ഷാമമുണ്ടാകുമ്പോള്‍ തമിഴ്നാട്ടില്‍ നിന്ന് തൊഴിലാളികളെ കൊണ്ടു വരുന്നു. പക്ഷേ നിയന്ത്രണം ഇപ്പോഴും ഓരോ നെയ്ത്തുകാരനിലും സൊസൈറ്റിയിലും അധിഷ്ഠിതം. കുടുംബബന്ധങ്ങളുടെ ശക്തമായ ഊടുംപാവും നെയ്ത്തുവ്യവസായ രംഗത്തിന്റെ അടിക്കല്ലായി വര്‍ത്തിച്ചു.

നേരത്തെ തിരുവില്വാമലയില്‍ നിന്നും കാര്യമായ വാഹനസൗകര്യമൊന്നും കുത്താമ്പുള്ളിയിലേക്കുണ്ടായിരുന്നില്ല. കാല്‍നടയായിരുന്നു അടുത്ത കാലം വരെ ആശ്രയം. ഇപ്പോള്‍ മിനിറ്റുകളുടെ ഇടവേളകളില്‍ ബസുണ്ട്. ചെമ്മണ്ണു പുരണ്ട പാതകള്‍ കറുപ്പണിഞ്ഞിരിക്കുന്നു. അര്‍ധനഗ്‌നരായ പുരുഷന്മാര്‍ ഷര്‍ട്ടിലേക്ക് കൂടുമാറിയിട്ടുണ്ട്്. ഗ്രാമം തുടങ്ങുന്നിടത്തു തന്നെ തുണിക്കടകളുടെ പരസ്യ ബോര്‍ഡുകള്‍. തറികള്‍ നിന്നിരുന്ന സ്ഥലങ്ങളില്‍ ഇപ്പോള്‍ വസ്ത്ര വിപണന കേന്ദ്രങ്ങള്‍. കുത്താമ്പുള്ളി കൈത്തറിയുടെ പേരുപയോഗിച്ച് തുടങ്ങിയ വസ്ത്രവ്യാപാര കേന്ദ്രങ്ങളില്‍ കച്ചവടം പൊടിപൊടിക്കുന്നു. ചിലയിടങ്ങളില്‍ പവര്‍ലൂമില്‍ നെയ്ത വസ്ത്രങ്ങളും കാണാം. പഴയ നെയ്ത്തുകാരില്‍ ചിലര്‍ കച്ചവടക്കാരായിരിക്കുന്നു. നെയ്ത്ത് ഉപേക്ഷിച്ചവരും കുറവല്ല. പുതിയ തലമുറ നെയ്ത്തിനോടൊപ്പം പാഠശാലകളിലും പോകുന്നു. തമിഴ്നാട്ടില്‍ നിന്നും തൊഴിലാളികളെ ഇറക്കുമതി ചെയ്താണ് പല തറികളും പ്രവര്‍ത്തിക്കുന്നത്.

ഇപ്പോള്‍ തികഞ്ഞ മലയാളികളാണെങ്കിലും കുത്താമ്പുള്ളിക്കാര്‍ കേരളത്തിന്റെ ഉത്സവങ്ങളൊന്നും കാര്യമായി ആഘോഷിക്കാറില്ല. ഓണവും വിഷവും അവരുടെ തറികള്‍ക്ക് അവധി നല്‍കാറില്ല. മലയാളികള്‍ ഉത്സവങ്ങള്‍ക്ക് വാങ്ങുന്ന കൈത്തറികള്‍ തന്നെ അവരുടെ സന്തോഷം. ചാന്തും ചായവുമണിഞ്ഞ് കുത്താമ്പുള്ളി അതിസുന്ദരിയാകുന്ന സമയമാണ് ശ്രീ രാമലിംഗ സൗഡേശ്വരി അമ്മന്‍കോവിലിലെ ഉത്സവം-തൈപ്പൊങ്കല്‍. ചാമുണ്ടേശ്വരിയെന്ന ഈ സൗഡേശ്വരിയെ നിളയില്‍ കുളിപ്പിച്ച് സിംഹരൂപമുള്ള വാഹനത്തിലാണ് എഴുന്നള്ളിക്കുന്നത്. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന നെല്‍പ്പാടങ്ങളും മലനിരകളും ഗ്രാമത്തിന് കസവുചാര്‍ത്തിയെഴുകുന്ന ഗായത്രിപ്പുഴയും ...ഗ്രാമീണത എങ്ങും നിറഞ്ഞു നില്‍ക്കുന്ന കുത്താമ്പുള്ളിയില്‍ ഒരിക്കലെങ്കിലും സന്ദര്‍ശനം നടത്താവുന്നതാണ്.

(2013 ലെ പോസ്റ്റ്)



Comments

Popular posts from this blog

മീശ എന്നെ ഓര്‍മിപ്പിക്കുന്നത്

ചന്തം പേറുന്ന ചീനവലക്കാഴ്ചകള്‍