ചന്തം പേറുന്ന ചീനവലക്കാഴ്ചകള്‍





ചന്തം പേറുന്ന ചീനവലക്കാഴ്ചകള്‍


ബിജോ സില്‍വേരി


മലയാളിയ്ക്ക് ചീനവലകള്‍ കൗതുക കാഴ്ചയല്ല. കൊച്ചിക്കാര്‍ക്ക് തീരെയല്ല. കേരളത്തില്‍ പലയിടത്തും കായലിലും പുഴയിലും ചീനവലകളുണ്ട്. ചീനവലകള്‍ കൊച്ചിയുടെ കൊടിയടയാളമായാണ് പൊതുവേ അറിയപ്പെടുന്നത്. പ്രത്യേകിച്ച് ഫോര്‍ട്ടുകൊച്ചി വാസ്‌കോഡ ഗാമ സ്‌ക്വയറിനു സമീപത്തുള്ള കടപ്പുറത്തെ ചീനവലകള്‍. ഏറെ ടൂറിസ്റ്റുകളെ ഈ ചീനവലകള്‍ ആകര്‍ഷിക്കുന്നുണ്ട്. ഒരേ വരിയില്‍ വൈപ്പിന്‍ കരയെ അഭിമുഖീകരിച്ചു നില്‍ക്കുന്നു ഈ വലകള്‍.

അസാധാരണമായ ഒരു മത്സ്യബന്ധന രീതിയാണിതെന്ന് നിരീക്ഷിച്ചാല്‍ ബോധ്യമാകും. ചിലന്തിവലയുടെ ഏകദേശ രൂപമുള്ള ഒരു വലിയ ചൂണ്ട എന്നിതിനെ വിശേഷിപ്പിക്കാം. കരയില്‍ നിന്നാണ് ചീനവലയുടെ പുറപ്പാട്. ഭൂതലത്തില്‍ നിന്ന് സമാന്തരമായി കായയിലേക്ക് നീണ്ടു നില്‍ക്കുന്ന മുളയിലും തേക്കിലുമാണ് വല ഉറപ്പിച്ചിരിക്കുന്നത്. വല കായലിലേക്കു താഴ്ത്താനായി വലിയ കല്ലുകള്‍ കരഭാഗത്ത് കെട്ടിയുറപ്പിച്ചിരിക്കുന്നു. ചീനവലകള്‍ക്ക് ഏകദേശം പത്തു മീറ്റര്‍ ഉയരം വരും. ജലത്തിനു മുകളില്‍ ഇരുപത് മീറ്ററോളം വ്യാപിച്ചിരിക്കുന്നു വലകള്‍. ചീനവലയുടെ വലുപ്പമനുസരിച്ച് നാലു മുതല്‍ എട്ടുപേര്‍ വരെ വരുന്ന സംഘമാണ് ചീനവലകള്‍ വലിച്ചുയര്‍ത്തുന്നത്. ഒരാള്‍ ഒറ്റയ്ക്ക് കൈകാര്യം ചെയ്യുന്ന വലകളുമുണ്ട്.

വല ഉയര്‍ന്നു നില്‍ക്കുമ്പോള്‍ വെള്ളത്തിന് സമാന്തരമായി വരുന്ന പ്രധാന തൂണിലൂടെ വലയുടെ സമീപത്തേക്ക് നടക്കുന്ന ഒരാളുടെ ഭാരം കൊണ്ട് വല താനെ കായലിലേക്ക് താഴും. ചീനവലകളുടെ ആകൃതിയില്‍ വേലിയേറ്റ സ്ഥലമനുസരിച്ച് ചെറിയ വ്യത്യാസങ്ങള്‍ വരാറുണ്ടെന്ന് ഫോര്‍ട്ടുകൊച്ചിയിലെ മത്സ്യബന്ധന തൊഴിലാളികള്‍ പറഞ്ഞു. അഞ്ചു മുതല്‍ പത്തു മിനിറ്റുവരെയാണ് ഓരോ വലയിടലിന്റേയും ദൈര്‍ഘ്യം. വല ഉയരുന്ന സമയത്ത് ആ വഴി കടന്നു പോകുന്ന ജലജീവികളെല്ലാം വലയില്‍ കുടുങ്ങും. ചപ്പും ചവറും ഒഴിവാക്കാനാവില്ല. ചൂണ്ടയുടേതു പോലെ ഇരകള്‍ തൂക്കിയിട്ടുള്ള പ്രലോഭനമൊന്നും ചീനവലയ്ക്കില്ല. വളരെ കുറച്ചു മത്സ്യങ്ങളേ പലപ്പോഴും ഓരോ വലയിലും ഉണ്ടാകാറുള്ളു. വലിയ മത്സ്യങ്ങള്‍ വല്ലപ്പോഴും കുടുങ്ങാറുമുണ്ട്. വലയുടെ ഒരറ്റത്തു കൂടി കടന്നു പോകുന്ന ചരടില്‍ വലിച്ചാല്‍ വല ഒന്നായി മുകളിലേക്ക് ഉയര്‍ന്നു വരും. കുടുങ്ങിയ ഇരകള്‍ ഒരു കുമ്പിള്‍ പോലെ രൂപപ്പെടുന്ന ഭാഗത്ത്  കിടപ്പുണ്ടാകും. കയ്യില്‍ കരുതിയിരിക്കുന്ന ചെറിയ കൈവല ഉപയോഗിച്ച് മത്സ്യങ്ങളെ കോരിയെടുക്കാം. വമ്പന്‍മാര്‍ കുടുങ്ങിയിട്ടുണ്ടെങ്കില്‍ തൊട്ടടുത്തു തന്നെ കെട്ടിയിട്ടിരിക്കുന്ന വഞ്ചിയടുപ്പിച്ച്് അതിലേക്ക് കോരിയിടും. വലയില്‍ ലഭിക്കുന്ന മത്സ്യങ്ങളെല്ലാം തൊട്ടു തന്നെയുള്ള കച്ചവടസ്ഥലത്തെത്തിക്കും. ജീവനുള്ള മത്സ്യങ്ങള്‍ വിലക്കുറവില്‍ വാങ്ങാന്‍ ധാരാളം പേര്‍ ഇവിടെയെത്തുന്നുണ്ട്.

സൂര്യാസ്തമയത്തിന്റെ സമയത്താണ് ചീനവലകളുടെ മനോഹാരിത ഏറ്റവും ദൃശ്യം. അസ്തമന സൂര്യനിലേക്ക് കണ്ണു നട്ടിരിക്കുന്ന ചീനവല ഫോട്ടോഗ്രാഫര്‍മാര്‍ക്കും ചിത്രകാരന്മാര്‍ക്കും എന്നും വിരുന്നൊരുക്കിയിട്ടുണ്ട്.

കൊച്ചിയില്‍ നിന്നും ഏകദേശം അയ്യായിരം കിലോമീറ്റര്‍ ദൂരെയാണ് ചൈന. ഇത്രയും ദൂരം സഞ്ചരിച്ചാണ് നൂറ്റാണ്ടുകള്‍ക്കു മുമ്പ് ചീനവലകള്‍-അല്ലെങ്കില്‍ അവയുടെ ആശയം-കൊച്ചിയില്‍ എത്തിയതെന്നാണ് അടുത്ത കാലം വരെ അറിയിപ്പെട്ടിരുന്നത്. ചൈനീസ് സഞ്ചാരിയായ സിയാങ്ങ് ഹിയാണ് ചീനവലകള്‍ കൊച്ചിയില്‍ എത്തിച്ചത്രേ. ചൈനീസ് ചക്രവര്‍ത്തിയായിരുന്ന കുബ്ലൈ ഖാന്റെ കാലത്താണ് സിയാങ്ങ് ഹി കൊച്ചി സന്ദര്‍ശിച്ചതെന്ന് ചരിത്രം പറയുന്നു. പതിമൂന്നാം നൂറ്റണ്ടാിലാണ് കുബ്ലൈഖാന്‍ ചൈന ഭരിച്ചിരുന്നത്. അതേ സമയം മക്കാവു ദ്വീപില്‍ നിന്നാണ് ചീനവലകള്‍ കൊച്ചിയിലെത്തിയതെന്ന പുതിയ സിദ്ധാന്തവുമുണ്ട്. ചീനവലകളുടെ വിവിധ ഭാഗത്തിനുമുള്ള പേരുകള്‍ പോര്‍ച്ചുഗീസ് ഭാഷയിലാണെന്നതാണ് ഈ അനുമാനത്തിനു കാരണം. പക്ഷേ മക്കാവുവില്‍ ചീനവലകളെത്തിയത് ചൈനയില്‍ നിന്നാണെന്ന കാര്യത്തിലും സംശയമില്ല. പോര്‍ച്ചുഗീസുകാര്‍ കൊച്ചിയിലുണ്ടായിരുന്ന കാലത്ത് പേരുകള്‍ അവരുടെ ഭാഷയിലാക്കിയതുമാകാം.

ചീനവലകള്‍ ഏറെ കാലം കൊച്ചിയിലെ ആയിരക്കണക്കിന് മത്സ്യതൊഴിലാളി കുടുംബങ്ങളുടെ വരുമാന മാര്‍ഗമായിരുന്നു. ഇപ്പോഴും നൂറു കണക്കിനു പേര്‍ ചീനവലയെ ആശ്രയിക്കുന്നു. കായലിനരികില്‍ വീടുള്ളവര്‍ ഒരു ചീനവല സ്ഥാപിക്കുന്നത് മുന്‍പ് സാധാരണമായിരുന്നു. ഒരു കറിക്കുള്ള വക എന്നും ചീനവല തരുമെന്ന് ഉറപ്പാണ്. പുതിയ ദേശീയജലപാത വരുമ്പോള്‍ ചീനവലകള്‍ കൊച്ചിക്കായലില്‍ നിന്ന് വ്യാപകമായി നീക്കം ചെയ്യപ്പെടും. കായലിലും പുഴയിലും മത്സ്യസമ്പത്ത് കുറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ ചീനവലകളുടെ പ്രസക്തി നഷ്ടപ്പെടുന്നുമുണ്ട്. അറ്റകുറ്റപ്പണികള്‍ക്ക് നല്ലൊരു തുക ചെലവാക്കേണ്ടി വരുന്ന ഒരു സാഹചര്യത്തില്‍ ഒരു പ്രദര്‍ശന വസ്തുമാത്രമായി ചീനവലകള്‍ മാറാനുള്ള സാധ്യത ഏറെയാണ്.

(2014 ലെ പോസ്റ്റ്)


Comments

Popular posts from this blog

മീശ എന്നെ ഓര്‍മിപ്പിക്കുന്നത്