നൈഫ് ഇന്‍ ദ വാട്ടര്‍

 നൈഫ് ഇന്‍ ദ വാട്ടര്‍






ബിജോ സില്‍വേരി


സുഹൃത്തുക്കളെ ഒരു സിനിമയെക്കുറിച്ച് എഴുതാമെന്നു വിചാരിക്കുന്നു. ബോറടിക്കുമ്പോള്‍ എപ്പോള്‍ വേണമെങ്കിലും നിര്‍ത്താം-നിങ്ങള്‍ക്ക്. ഞാനിതെന്തായാലും എഴുതി തീര്‍ക്കും. ജോലിക്കിടില്‍ തന്നെയുള്ള തിരക്കിട്ട എഴുത്താണെന്നത് പരിഗണിക്കുമല്ലോ.

ഞാനാദ്യമായി കണ്ട ഒരു ക്ലാസിക് സിനിമയെക്കുറിച്ചാണ് പറയുന്നത്. പ്രീഡിഗ്രിക്കു പഠിക്കുമ്പോള്‍ എന്റെ സുഹൃത്തും കോളജില്‍ സീനിയറുമായ സുനില്‍ സരയുവാണ് (ഇപ്പോഴദ്ദേഹം സിനിമാ സംവിധായകനാണ്) എന്നെ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റില്‍ ചേര്‍ത്തത്. ഞങ്ങള്‍ രണ്ടു പേരും ചേര്‍ന്ന് മാസത്തിലെ ഒരു ശനിയാഴ്ച സിനിമ കാണാന്‍ പോകുന്നത് അങ്ങനെ പതിവായി. ഫിലിം സൊസൈറ്റിയില്‍ ഞാനാദ്യം കണ്ട സിനിമയാണ് നൈഫ് ഇന്‍ ദ വാട്ടര്‍. 

റൊമാന്‍ പൊളാന്‍സ്‌കി എന്ന ലോകപ്രശസ്തനായ സംവിധായകന്റെ ആദ്യത്തെ സിനിമയായിരുന്നു അത്. അങ്ങനെ ഒരു സംവിധായകനുണ്ടെന്നു പോലും അന്നെനിക്ക് അറിയില്ലായിരുന്നു. 

ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണ് നൈഫ് ഇന്‍ ദ വാട്ടര്‍. പ്രത്യേകത-മൂന്നു പേര്‍ മാത്രമാണ് ആ സിനിമയില്‍ അഭിനയിച്ചിട്ടുള്ളത്. വെക്കേഷനു പോകുന്ന ദമ്പതികള്‍, അവരുടെ കാറിന് കൈകാണിച്ച് ലിഫ്റ്റ് വാങ്ങുന്ന ഒരു കൗമാരക്കാരന്‍. ദമ്പതികളില്‍ ഭര്‍ത്താവ് നല്ല കരുത്തനാണ്. ഭാര്യ സുന്ദരിയും.

ഇവര്‍ മൂന്നു പേരും ഒരു നദിക്കരയിലെത്തുന്നു. ദമ്പതികള്‍ ഒരു പായ്‌വഞ്ചി യാത്രക്കൊരുങ്ങുന്നു. ഭര്‍ത്താവ് അപ്പോള്‍ യുവാവിനെ നിര്‍ബന്ധിച്ച് ബോട്ടില്‍ കയറ്റുന്നു. ബോട്ടില്‍ വച്ച് പുരുഷന്മാര്‍ രണ്ടു പേരും കലഹിക്കുന്നു. ഭര്‍ത്താവിന്റെ ഒരു മേധാവിത്വശ്രമമാണ് ഈ കലഹത്തിന് പലപ്പോഴും കാരണമാകുന്നത്.

ചെറുപ്പക്കാരന്റെ കൈവശം ഒരു കത്തിയുണ്ട്. കൈകള്‍ വിടര്‍ത്തിപിടിച്ച് വിരലുകളില്‍ കൊള്ളാതെ അതിവേഗം കുത്താന്‍ ഇയാള്‍ക്കറിയാം. ഒരുതരം കളി. അവര്‍ തമ്മിലുള്ള കലഹം, പലപ്പോഴും തന്റെ ഭര്‍ത്താവ് യുവാവിനെ ഉപദ്രവിക്കുന്നത് ഭാര്യയ്ക്ക് ഇഷ്ടപ്പെടുന്നില്ല. ഭര്‍ത്താവ് യുവാവിനെ നന്നായി മര്‍ദിക്കുന്നുണ്ട്-നല്ല ഇടി കൊടുക്കുന്നുണ്ട്.

ഇടയ്ക്ക് വച്ച് യുവാവ് നദിയില്‍ വീണുപോകുന്നു. അയാള്‍ക്ക് നീന്തല്‍ അറിയില്ലെന്ന് നേരത്തെ അയാള്‍ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ രണ്ടു പേര്‍ക്കും പരിഭ്രമമായി. ഇയാള്‍ മുങ്ങിച്ചത്താല്‍ ഇവര്‍ കുടുങ്ങുമല്ലോ.

ഭാര്യ ഒട്ടും താമസിക്കാതെ നദിയിലിറങ്ങി യുവാവിനെ അന്വേഷിക്കാന്‍ തുടങ്ങി. അവര്‍ക്ക് അവനെ കണ്ടെത്താനാകുന്നില്ല. അപ്പോള്‍ അവര്‍ ബോട്ടില്‍ തിരിച്ചെത്തുകയും ഭര്‍ത്താവ് നദിയിലിറങ്ങി അന്വേഷണം തുടരുകയും ചെയ്യുന്നു. 

ആ സമയത്ത് മറ്റൊരിടത്ത് മറഞ്ഞിരിക്കുകയായിരുന്ന യുവാവ് ബോട്ടില്‍ വന്നു കയറുകയാണ്. നദിയിലിറങ്ങിയതിനു ശേഷം നനഞ്ഞ വേഷത്തിലുള്ള സ്ത്രീയുടെ നില്പും കിടപ്പുമൊക്കെ യുവാവിനെ വല്ലാതെ പ്രലോഭിപ്പിക്കുന്നു. അവന്‍ അവരെ ലൈംഗികബന്ധത്തിന് പ്രേരിപ്പിക്കുന്നു. ഇഷ്ടമില്ലെങ്കിലും അവരതിന് വഴഞ്ഞുകയാണ്. ഭര്‍ത്താവ് തിരിച്ചെത്തുന്നതിനു മുമ്പ് യുവാവ് രക്ഷപ്പെടുകയും ചെയ്യുന്നു.

താന്‍ യുവാവുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടുവെന്ന് ഭാര്യ തുറന്നുപറയുന്നുണ്ടെങ്കിലും ഭര്‍ത്താവിനത് വിശ്വസിക്കാനാകുന്നില്ല. തിരിച്ചുള്ള യാത്രയില്‍ അവര്‍ വേര്‍പിരിയുന്നു.. എന്നാണ് ഓര്‍മ.

സിനിമയില്‍ സെക്‌സ് വളരെ അന്തര്‍ലീനമാണ്, അധികം രംഗങ്ങളൊന്നും കാണിക്കുന്നില്ലെങ്കില്‍ കൂടി. ആ സിനിമയുടെ ട്രീറ്റ്‌മെന്‍ഡ് വളരെ സുന്ദരമായി തോന്നി. 1962ലാണ് സിനിമ പുറത്തിറങ്ങിയത്. അന്ന് കമ്യൂണിസ്റ്റ് ഭരണമായിരുന്നു പോളണ്ടില്‍. സ്വേച്ഛാധിപത്യത്തിനെതിരായ പോരാട്ടമാണ് സിനിമയിലൂടെ പൊളാന്‍സികി സാക്ഷാത്കരിച്ചതെന്ന് പിന്നീട് വായിച്ചറിഞ്ഞിട്ടുണ്ട്. അത് ഹിറ്റ്‌ലറുടെ കാലത്തെ കാര്യമാണോ കമ്യൂണിസ്റ്റ് ഭരണകാലത്തെ കാര്യമാണോ എന്ന് നമുക്കു തന്നെ നിശ്ചയിക്കാം.

അത്രയും കടന്നു ചിന്തിക്കാന്‍ താത്പര്യമില്ലാത്ത എന്നെപ്പോലുള്ളവര്‍ക്ക് അതിനെ നമ്മള്‍ കാണുന്ന നേരായ രീതിയില്‍ തന്നെ സ്വീകരിക്കാം. പോളണ്ടില്‍ ജനിച്ച ജൂത വംശജനായ പൊളാന്‍സ്‌കി പിന്നീട് ദി പിയാനിസ്റ്റ് പോലെ ലോകോത്തര സിനിമകള്‍ നിരവധി ചെയ്തിട്ടുണ്ട്. നൈഫ് ഇന്‍ ദ വാട്ടര്‍ ഇപ്പോഴും ഓര്‍മയില്‍ സജീവമായി നില്ക്കാന്‍ കാരണം പൊളാന്‍സ്‌കി നിരവധി ലൈംഗികാരോപണങ്ങളില്‍ കുടുങ്ങിയതായിരിക്കാം. പക്ഷേ പ്രതിഭ വേറെ പ്രകടനം വേറെ. 

പിന്നാമ്പുറം-

ജയന്റെയും സുകുമാരന്റെയും ബച്ചന്റെയുമൊക്കെ സിനിമയായിരുന്നല്ലോ അക്കാലത്ത് -80കളില്‍ പൊതുവേ നമ്മള്‍ കണ്ടിരുന്നത്. ക്ലാസിക്‌സിനിമയെക്കുറിച്ച് ഒന്നും അറിയാത്ത പ്രായമായിരുന്നു. 

സുഹൃത്ത് റെന്നീസ് വളരെ ചെറുപ്പത്തിലേ പകര്‍ന്നുതന്നിരുന്ന സിനിമാക്കഥകളായിരുന്നു എന്റെ ആദ്യപാഠങ്ങള്‍. എല്‍പി-യുപി ക്ലാസുകളില്‍ പഠിക്കുമ്പോഴായിരുന്നു അത്. 50 പൈസയായിരുന്നു അന്ന് എസ്എന്‍ പുരം പോള തീയറ്ററില്‍ ടിക്കറ്റ് ചാര്‍ജ്. മുംതാസ് തീയറ്റര്‍ ഉണ്ടായിരുന്നില്ല. ഉമ്മയായിരുന്നു റെന്നീസിന് സിനിമകാണാന്‍ പൈസ കൊടുത്തിരുന്നത്. ആഴ്ചയില്‍ ശരാശരി ഒരു സിനിമയെങ്കിലും റെന്നീസ് കാണുമായിരുന്നു. റെന്നീസിന്റെ സിനിമാക്കഥ കേള്‍ക്കാന്‍ ഞാനുള്‍പ്പെടെ ക്ലാസിലന്ന് ഒരാള്‍ക്കൂട്ടം തന്നെയുണ്ട്. റെന്നീസ് പറഞ്ഞുതരുന്ന കഥകള്‍ ഞാന്‍ വീട്ടില്‍ചെന്ന് അതേപടി പുനരവതരിപ്പിക്കും. അങ്ങനെ വീട്ടില്‍ ചേട്ടനും അനുജന്മാരും അമ്മയുമടക്കമുള്ള ആരാധകര്‍ എനിക്കുമുണ്ടായി. വല്ലപ്പോഴും ഇരിങ്ങാലക്കുട പ്രഭാത് തീയറ്ററില്‍ ഞങ്ങളെ സിനിമയ്ക്കു കൊണ്ടുപോകാന്‍ അപ്പന്‍ തയ്യാറായി. റെന്നീസിന് നന്ദി. ചെറുപ്രായത്തിലേ റെന്നീസിനെയും കുടുംബത്തെയും വിട്ടുപിരിഞ്ഞ ഉമ്മയ്ക്ക് സ്‌നേഹപ്രണാമങ്ങള്‍-ആദരാഞ്ജലികള്‍.

ഈ നൈഫ് വായിച്ചിരിക്കാന്‍ ക്ഷമ കാണിച്ചവര്‍ക്ക് നല്ല നമസ്‌കാരം.


സഹോദരങ്ങളായ നൗഷാദിന്റെയും രാജീവിന്റെയും കൂടെയുള്ള റെന്നീസിന്റെ ചിത്രം റൊമാന്‍ പൊളാന്‍സ്‌കിയുടെയും നൈഫ് ഇന്‍ ദ വാട്ടറിന്റെയും ചിത്രങ്ങള്‍ക്കു പുറമേ ഉള്‍പ്പെടുത്തിയിട്ടുണ്ട്.




Comments

Popular posts from this blog

മീശ എന്നെ ഓര്‍മിപ്പിക്കുന്നത്

ചന്തം പേറുന്ന ചീനവലക്കാഴ്ചകള്‍